ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍ നിര്‍മിത വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു.
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്നാണ് മൂന്നു എ.കെ. 56 തോക്കുകള്‍, രണ്ട് പാക്ക് നിര്‍മിത പിസ്റ്റള്‍, വെടിയുണ്ടകള്‍ എന്നിവ ഉള്‍പ്പെടുന്ന ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തത്. അതിര്‍ത്തി പ്രദേശത്ത് പോലീസും സിആര്‍പിഎഫ് സംഘവും നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസവും പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇവിടെ സൈന്യം തിരച്ചില്‍ നടത്തിയത്.
ഇതു കൂടാതെ ദിവസങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടായിരുന്നു പാക്ക് ആക്രമണം. ഇതോടെ ഈ വർഷം 1400 ല്‍ അധികം തവണ വെടി നിര്‍ത്തല്‍ കരാര്‍ പാക്ക് സൈന്യം ലംഘിച്ചതായി പ്രതിരോധ വക്താവ് പ്രതികരിച്ചിരുന്നു.