പോലീസുകാരെ കൊന്ന് കിണറ്റിൽ തള്ളി; തെളിവില്ലാതാക്കാൻ മൃതദേഹങ്ങൾ കത്തിക്കാൻ പദ്ധതിയിട്ടു : വികാസ് ദുബെ

ന്യൂഡെൽഹി: കൊല്ലപ്പെട്ട പോലീസുകാരുടെ മൃതദേഹങ്ങൾ കിണറ്റിൽ തള്ളി. തെളിവുകൾ നശിപ്പിക്കാൻ മൃതദേഹങ്ങൾ കത്തിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് കൊടുംകുറ്റവാളി വികാസ് ദുബെ. എന്നാൽ അതിനുള്ള സമയം കിട്ടിയില്ലെന്നും അതിന് മുമ്പ് വീട്ടിൽനിന്ന് രക്ഷപ്പെടേണ്ടിവന്നെന്നും ദുബെ പറഞ്ഞു.

പോലീസ് വീട്ടിൽ പരിശോധനയ്ക്ക് വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി വികാസ് ദുബെ പറഞ്ഞു. പോലീസിലെ ചിലരാണ് ഈ വിവരം ചോർത്തി നൽകിയതെന്നും ദുബെ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ചൗബേപുർ പോലീസ് സ്റ്റേഷനിൽ മാത്രമല്ല മറ്റു പല സ്റ്റേഷനുകളിലും തനിക്ക് സ്വാധീനമുണ്ടെന്നും ദുബെ സമ്മതിച്ചു. ലോക്ക്ഡൗൺ കാലത്ത് ചൗബേപുർ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് എല്ലാസഹായവും നൽകി. അവരെ തീറ്റിപ്പോറ്റിയത് താനാണെന്നും ദുബെ വെളിപ്പെടുത്തി.
ഡിഎസ്പി ദേവേന്ദ്ര മിശ്രയെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് ദുബെയുടെ മൊഴി.

ഏറ്റുമുട്ടലിന് തയ്യാറായാണ് പോലീസ് സംഘം വരുന്നതെന്നായിരുന്നു വിവരം. പോലീസ് വെടിവെയ്പ് നടത്തുമെന്ന ഭയംകൊണ്ടാണ് അവർക്ക് നേരേ ആദ്യം വെടിയുതിർത്തത്. കൊല്ലപ്പെട്ട പോലീസുകാരുടെ മൃതദേഹങ്ങൾ കിണറ്റിൽ തള്ളി. തെളിവുകൾ നശിപ്പിക്കാൻ മൃതദേഹങ്ങൾ കത്തിക്കാനായിരുന്നു പദ്ധതിയിട്ടത്.

രാവിലെ റെയ്‌ഡ് നടക്കുമെന്നായിരുന്നു തങ്ങൾക്ക് കിട്ടിയ വിവരം. എന്നാൽ പോലീസ് രാത്രിയിൽ തന്നെ വന്നു. തങ്ങൾ ഭക്ഷണംപോലും കഴിച്ചിരുന്നില്ല. കൂട്ടാളികളോടെല്ലാം വിവിധ ഭാഗങ്ങളിൽ പോയി നിലയുറപ്പിക്കാൻ താൻ തന്നെയാണ് പറഞ്ഞത്. രാജു എന്നയാളാണ് ജെസിബി റോഡിന് കുറുകെ നിർത്തിയിട്ടത്. ജെസിബിയുടെ ഉടമ തന്റെ അമ്മാവനാണെങ്കിലും അദ്ദേഹമല്ല ജെസിബി ഉപയോഗിച്ച് വഴി തടസപ്പെടുത്തിയതെന്നും ദുബെ പോലീസിനോട് പറഞ്ഞു.