കൊച്ചി : സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിൽ ആക്റ്റീവ് സർവെയ്‌ലൻസ് ആരംഭിച്ചു. ഈ മേഖലകളിൽ സാമ്പിൾ ശേഖരണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആലുവ, ചെല്ലാനം മേഖലകളിൽ നിന്ന് 200 ഓളം സാമ്പിളുകൾ ശേഖരിച്ചു. ചെല്ലാനം മേഖലയിൽ കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോട് കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധിക്കാൻ ആണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ആലുവ മേഖലയിൽ നിന്നും അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്റ്റ് ബസുകളിലെയും ജീവനക്കാരെ പോലീസിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇവരിൽ രോഗ ലക്ഷണം ഉള്ളവരിൽ പരിശോധന നടത്തും. കൺടൈൻമെൻറ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഒന്ന് വരെ ക്രമപ്പെടുത്തി. സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി അനുവദിക്കുന്നത് സംബന്ധിച്ച് വ്യാപാരികളുമായി ചർച്ച ചെയ്യും. ഫോർട്ട് കൊച്ചി, കാളമുക്ക്, മത്സ്യ മാർക്കറ്റുകൾ മുൻകരുതലിനായി അടച്ചിടും.
കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ മന്ത്രി വി. എസ് സുനിൽകുമാറും ജില്ലാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് വഴി നടന്ന അവലോകന യോഗത്തിൽ ആണ് വിവരങ്ങൾ അറിയിച്ചത്. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് , എസ്പി കെ കാർത്തിക്, ഡിസി.പി ജി പൂങ്കുഴലി, ഡിഎംഒ. ഡോ. എൻകെ കുട്ടപ്പൻ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.