യമൗസുക്രോ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൊലിബലി (61) കുഴഞ്ഞു വീണു മരിച്ചു. രണ്ടു ദിവസത്തെ ഹൃദ്‌രോഗ ചികിത്സക്കു ശേഷം ഫ്രാന്‍സില്‍ നിന്നും കഴിഞ്ഞ ദിവസമാണ് അദ്ദേഹം മടങ്ങയെത്തിയത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതിനു പിന്നാലെ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. യോഗത്തിനു ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച ഇദ്ദേഹത്തിനെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.
പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായി അദ്ദേഹത്തെയാണ് തീരുമാനിച്ചിരുന്നത്. നിലവിലെ പ്രസിഡന്റ് അലാസെയ്ന്‍ ഒവാത്ര ഇക്കാര്യം വ്യകതമാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ഇതേ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നത്. കഴിഞ്ഞ മുപ്പതു കൊല്ലമായുള്ള തന്റെ ഏറ്റവും അടുത്ത ഇളയ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നു പ്രസിഡന്റ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.