കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഈ മാസം 15 വരെ സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്ന് സ്വര്‍ണക്കടത്തില്‍ പങ്കാളികളായവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുണ്ട്. ഇതിന് സരിത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.
അതേ സമയം സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് അനുമതി നൽകി. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. എന്നാൽ കസ്റ്റംസ് ആക്ട് പ്രകാരം ഇപ്പോൾ നിലവിലുള്ള അന്വേഷണം തുടരും.