തിരുവനന്തപുരം: സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 280 രൂപയണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. ഇതോടെ പവന് ഇന്നത്തെ വില എക്കാലത്തെയും ഉയര്‍ന്ന വിലയായ 36600 രൂപയിലെത്തി. ഗ്രാമിന് ഇന്നലെ 4540 രൂപയായിരുന്നെങ്കില്‍ ഇന്ന് 35 രൂപ കൂടി 4575 രൂപയായി. ഇന്നലെ പവന് 36320 രൂപയായിരുന്നു വില. ഇന്ന് വീണ്ടും വില ഉയര്‍ന്നതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 40000 രൂപയിലധികം മുടക്കേണ്ട അവസ്ഥയാണ്.
രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്. ഔണ്‍സിന് 1810.95 ഡോളറാണ് വില. രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള തലത്തില്‍ രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥ ദുര്‍ബലമായതാണ് തുടര്‍ച്ചയായുള്ള വില ഉയരാന്‍ കാരണം. കൊറോണ കേസുകള്‍ കൂടി വലിയ തോതില്‍ ഉയര്‍ന്നതോടെ ആഗോള വിപണിയില്‍ സ്വര്‍ണ വില എട്ടു വര്‍ഷത്തേതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. പ്രതിസന്ധി ഘട്ടത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടിയിട്ടുണ്ട്. രൂപയുടെ മൂല്യമിടിവും കൂടി ചേര്‍ന്നതോടെ സ്വര്‍ണവില റെക്കോഡിലേക്കെത്തി.