മൈസൂര്‍പാക്ക് കഴിച്ചാൽ കൊറോണ മാറുമെന്ന് പരസ്യം; ബേക്കറി അടപ്പിച്ചു

കോയമ്പത്തൂർ: മൈസൂര്‍ പാക് കഴിച്ചാൽ കൊറോണ മാറുമെന്ന് പരസ്യം നല്‍കിയ ബേക്കറി ‍ അടപ്പിച്ചു. ഹെര്‍ബല്‍ മൈസൂര്‍പാക്ക് കഴിച്ചാല്‍ കൊറോണ മാറുമെന്നായിരുന്നു പരസ്യം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

കോയമ്പത്തൂരിലാണ് സംഭവം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അടപ്പിച്ചത്. ആരോഗ്യ വകുപ്പിലേയും ഭക്ഷ്യ സുരക്ഷ വിഭാഗത്തിലേയും ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തി. കട സീൽ ചെയ്​തതായും കടയുടമ അവകാശപ്പെടുന്ന ഔഷധ മൈസൂർപാക്കും അത്​ നിർമിക്കാനുപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.

തന്റെ മുത്തച്ഛൻ ഒരു സിദ്ധ വൈദ്യനായിരുന്നു. അദ്ദേഹം പനിക്ക്​ ലേഹ്യം ഉണ്ടാക്കാറുണ്ടായിരുന്നു. അക്കാലത്ത്​ അത്തരം പനികൾ ഒരിടത്തു നിന്ന്​ മറ്റിടങ്ങളിലേക്ക്​ പടരാറുണ്ടായിരുന്നു. ശ്വാസം മുട്ടും അനുഭവ​പ്പെടും. അത്​ ലേഹ്യമായി വിൽക്കാൻ പ്രത്യേകം ലൈസൻസ്​ ആവശ്യമായതിനാൽ ഞങ്ങൾ​ അത്​ പലഹാരത്തിൽ പ്രയോഗിച്ചു.

50 പ്രമേഹ രോഗികൾക്കും താൻ ഈ പലഹാരം നൽകിയിട്ടു​ണ്ടെന്നും ആർക്കും പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കടയുടമയുടെ വിശദീകരണം. ഔഷധഗുണമുള്ള പലഹാരം കഴിഞ്ഞ മൂന്ന്​ മാസമായി കൊറോണ​ രോഗികൾക്കും അവരുടെ വീട്ടുകാർക്കും വിതരണം ചെയ്യാറുണ്ടെന്നും അത്​ ഫലപ്രദമായിരുന്നു എന്നുമാണ് കടയുടമയുടെ അവകാശവാദം​.