തൂത്തുക്കുടി കസ്റ്റഡി മരണം; സിബിഐ ഏറ്റെടുത്തതിന് പിന്നാലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

ചെന്നൈ; തൂത്തുക്കുടി കസ്റ്റഡി മരണ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ സംഭവം നടന്ന സ്ഥലങ്ങൾ സന്ദർശിക്കും. ലോക്ക് ഡൗൺ ലംഘിച്ച് കടകൾ തുറന്നുവെന്നാരോപിച്ച് പി ജയരാജിനേയും മകൻ ബെന്നിക്‌സിനേും കസ്റ്റഡിയിൽ എടുത്ത സാത്താൻകുളം പൊലീസ് ക്രൂര മർദനത്തിന് ഇരയാക്കിയെന്നാണ് കേസ്. റിമാൻഡ് ചെയ്ത് ജയിലിലെത്തിയ ഇരുവരേയും ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നു.

സംഭവം തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. തുടർന്നാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി സിബിഐയുമായി ബന്ധപ്പെട്ട ആർ കെ ഗൗർ പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. കേസ് സിബിഐ ഇന്നലെയാണ് ഏറ്റെടുത്തത്.

അതേസമയം തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകക്കേസിൽ സാത്താൻകുളം സ്റ്റേഷനിലെ അഞ്ച് പൊലീസുകാർ കൂടി കസ്റ്റഡിയിലായി. സിബിസിഐഡി സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസിൽ പിടിയിലായ പൊലീസുകാർ പത്ത് ആയി ഉയര്‍ന്നു.