ഓൺലൈൻ ക്ലാസുകൾ വിലക്കിയ കർണാടക സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: ഓൺലൈൻ ക്ലാസുകൾ വിലക്കിയ കർണാടക സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അഞ്ചാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസുകളാണ് കർണാടക സർക്കാർ വിലക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലക്കിയത് കുട്ടികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ഒരു ഫീസും വാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

ആറ് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കാന്‍ പാടുള്ളൂവെന്ന നിംഹാസിന്‍റെ നിര്‍ദേശ പ്രകാരം പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്ക്കുകയാണെന്നായിരുന്നു മന്ത്രി എസ് സുരേഷ് കുമാറിന്‍റെ വിശദീകരണം.

‌ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് കര്‍ണാടക സര്‍ക്കാര്‍ ക്ലാസുകള്‍ വിലക്കിയത്. ഏഴാം ക്‌ളാസിലെ കുട്ടികൾക്ക് വരെ ഇനി ഓൺലൈൻ പഠനം വേണ്ടെന്ന നിർദേശം ചില മന്ത്രിമാർ മുന്നോട്ട് വെച്ചിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയത്.