ന്യൂഡെൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ക്വാറന്റീനിൽ. മുഖ്യമന്ത്രി കൂട്ടിക്കാഴ്ച നടത്തിയ മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഹേമന്ത് ക്വാറന്റീനിൽ പ്രവേശിച്ചത്. മന്ത്രി മിത്‌ലേഷ് ഠാക്കുറിനാണ് കൊറോണ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫിനോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
മന്ത്രി മിത്‌ലേഷ് ഠാക്കുറിനും ഝാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ മഥുര മഹാത്തോയ്ക്കും ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും എത്രയും വേഗം രോഗമുക്തി ലഭിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഝാർഖണ്ഡിൽ ഇതുവരെ 3000 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 22 പേർ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചു. മുഖ്യമന്ത്രിയുടെ സ്രവ സാമ്പിൾ ഇന്ന് കൊറോണ പരിശോധനക്ക് വിധേയമാക്കിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രി മിതിലേഷ് താക്കൂർ, പാർട്ടി എം.എൽ.എ മഥുര മഹാതോ എന്നിവർ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി വരികയാണ്.