സർവകലാശാലയിൽ ഇല്ലാത്ത കോഴ്സിൽ ബിരുദമെടുത്ത് സ്വപ്ന; ‘പ്രചാരണ തന്ത്രത്തിൽ’ തിളങ്ങിയവരും ‘സ്വപ്നാടകർ’

തിരുവനന്തപുരം: സർവകലാശാലയിൽ ഇല്ലാത്ത കോഴ്സിൽ ബിരുദമെടുത്ത് സ്വപ്ന. വ്യാജ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എല്ലാവരെയും പറ്റിച്ചാണ് ‘പ്രചാരണ നയതന്ത്രത്തിൽ’ തിളങ്ങിയവരും സ്വപ്നയുടെ വലയിലായത്. സ്വപ്ന സുരേഷിൻ്റെ സർട്ടിഫിക്കറ്റുകൾ വ്യാജം. മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്മെന്റിൽ നൽകിയിരിക്കുന്നത്.

സർക്കാരിന്റെ സ്പേസ് പാർക്ക് പദ്ധതിയിൽ കൺസൽറ്റന്റ് ആയി എത്തിയ സ്വപ്ന സുരേഷ് 2016ൽ തൊഴിൽ പോർട്ടലുകളിൽ നൽകിയ ബയോഡേറ്റ ഫയലിൽ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റു ഡിപ്ലോമ കോഴ്സുകൾ ചെയ്തത് എവിടെയെന്നും വ്യക്തമല്ല.

അതേസമയം, തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ബികോം കോഴ്സ് ഇല്ലാത്ത ജലന്തർ ഡോ. ബി.ആർ അംബേദ്കർ എൻഐടിയിൽ നിന്ന് ബികോം എടുത്തതായാണു രേഖപ്പെടുത്തിയിരുന്നത്.

ബിരുദം മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് സ്പേസ് പാർക്കിലെ ശമ്പളം. എയർ ഇന്ത്യ സാറ്റ്സിൽ ആയിരുന്നപ്പോൾ ഇത് ഏകദേശം 25,000 രൂപയായിരുന്നു.

ബിരുദമെടുക്കുന്നതിനു മുൻപ് ഇത്തിഹാദ് എയർവേയ്സ്, സൗത്ത് ആഫ്രിക്കൻ എയർവേയ്സ്, കുവൈത്ത് എയർവേയ്സ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. 2005 മുതൽ 2016 വരെ മാത്രം 7 സ്ഥാപനങ്ങളിലാണു ജോലി നോക്കിയത്. 2012 മുതൽ 2014 വരെ തിരുവനന്തപുരത്തെ വിവിധ എച്ച്ആർ കമ്പനികളിലായിരുന്നു ജോലി.