തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനു നിരോധനം ; പൂന്തുറയിൽ കർശന ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സമ്പർക്കത്തിലൂടെ കൊറോണ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയുടെ തീരമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവർത്തനങ്ങൾ നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിർത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് ഉറപ്പാക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം തമിഴ്‌നാട് ഡിജിപി ജെ.കെ ത്രിപാഠിയുമായി ഫോണിൽ സംസാരിച്ചു.

പൂന്തുറ മേഖലയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. ഈ മേഖലയിൽ നിന്നു തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്‌സ്‌മെൻറ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കർശന രീതിയിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കാനും നിർദ്ദേശം നൽകി. ഇവിടെ സ്‌പെഷ്യൽ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടൻറ് ഇൻ ചാർജ്ജ് എൽ.സോളമന്റെ നേതൃത്വത്തിൽ 25 കമാന്റോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റൻറ് കമ്മീഷണർ ഐശ്വര്യ ദോംഗ്രേ എന്നിവർ പൂന്തുറയിലെ പോലീസ് നടപടികൾക്ക് നേതൃത്വം നൽകും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെർവേഷ് സാഹിബ് മേൽനോട്ടം വഹിക്കും.

പൂന്തുറ മേഖലയിൽ സാമൂഹികഅകലം പാലിക്കുന്നതുൾപ്പെടെയുള്ള ബോധവൽകരണം നടത്തുന്നതിന് സാമുദായിക നേതാക്കൻമാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടും.

അതേ സമയം പൂന്തുറയിൽ സമ്പർക്കത്തിലൂടെയുള്ള കൊറോണ രോഗ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൊറോണ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറ മേഖലയിലെ രാഷ്ട്രീയ-സാമുദായിക നേതാക്കളുമായി ഓൺലൈനിലൂടെ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനങ്ങൾ.

ജൂലൈ 10ന് പൂന്തുറ മേഖലയിലെ പൊതു ഇടങ്ങളിലും വീടുകളിലും അണുനശീകരണം നടത്തും. പൊതു ഇടങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിലാകും ശുചീകരണ പ്രവർത്തനങ്ങൾ. വീടുകളിൽ കുടുംബാംഗങ്ങൾ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. മേഖലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നിരീക്ഷണം വർദ്ധിപ്പിക്കും. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യമായി മാസ്‌ക്കുകൾ വിതരണം ചെയ്യും. വി.എസ് ശിവകുമാർ എം.എൽ.എ, കൗൺസിലർമാരായ ബീമാപള്ളി റഷീദ്, പ്രിയ ബിജു തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.