കൊറോണ വ്യാപനം അതിരൂക്ഷമായി; ചെല്ലാനം, ആലുവ മേഖലകള്‍ ക്ലസ്റ്റര്‍ കണ്ടെയെന്‍മെന്റ് സോണുകളാക്കി

കൊച്ചി: കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെല്ലാനം, ആലുവ മേഖലകള്‍ ക്ലസ്റ്റര്‍ കണ്ടെയെന്‍മെന്റ് സോണുകളാക്കി.

ഇവിടെ രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങാന്‍ പാടില്ല. ആശുപത്രികളിലേക്ക് നേരിട്ട് എത്തരുത്. 12 ആശുപത്രികളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.

ഉറവിടമറിയാത്ത ഏഴ് കേസുകളാണ് ജില്ലയില്‍ ഇതുവരെ ഉള്ളത്. ഉറവിടമറിയാത്ത കേസുകള്‍ ട്രെയിസ് ചെയ്യാനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും കലക്ടര്‍ വ്യക്തമാക്കി.

ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങും. മുന്നറിയിപ്പുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.