പൗരത്വം, ദേശീയത, മതനിരപേക്ഷത പാഠഭാഗങ്ങൾ ഒഴിവാക്കി; സിബിഎസ്ഇ സിലബസ് പരിഷ്കരണം

ന്യൂഡെൽഹി: പൗരത്വം, ദേശീയത, മതനിരപേക്ഷത തുടങ്ങിയയ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള സിബിഎസ്ഇ സിലബസ് പരിഷ്കരണത്തിനെതിരേ ശക്തമായ പ്രതിഷേധം. നിലവിലെ സാഹചര്യത്തിൽ സിലബസിൽ നിന്ന് 30 ശതമാനം ഒഴിവാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് കോഴ്സുകളാണ് ബോർഡ് പരിഗണിച്ചത്. ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത എന്നീ പാഠഭാഗങ്ങൾ 11ആം ക്ലാസ് സിലബസിൽ നിന്ന് പൂർണ്ണമായി നീക്കി. കൊറോണ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് അമിതഭാരം ഉണ്ടാവാതിരിക്കാനാണ് പാഠഭാഗങ്ങൾ ഒഴിവാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ലോക്കൽ ഗവൺമെൻ്റ് പാഠഭാഗത്തിൽ നിന്നുള്ള രണ്ട് യൂണിറ്റുകൾ നീക്കി. 12 ആം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് സമകാലിക ലോകത്തിലെ സുരക്ഷ, പാരിസ്ഥിതിക, പ്രകൃതി വിഭവങ്ങൾ, ഇന്ത്യയിലെ സാമൂഹ്യവും പുതിയതുമായ മുന്നേറ്റങ്ങൾ തുടങ്ങി നാല് പാഠഭാഗങ്ങൾ പൂർണമായി നീക്കി. ഇന്ത്യയുടെ വിദേശനയം എന്ന ഭാഗത്തുനിന്ന് പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാന്മർ എന്നീ അയൽക്കാരുമായുള്ള ഇന്ത്യയുടെ ബന്ധം എന്ന പാഠം നീക്കി. ഇതോടൊപ്പം നോട്ട് നിരോധനത്തെപ്പറ്റിയുള്ള പാഠഭാഗങ്ങൾ നീക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

പുതിയ പരിഷ്കരണത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന് ‘ജനാധിപത്യവും നാനാത്വവും’, ‘ജാതി, മതം, ലിംഗം’, ‘ജനാധിപത്യത്തിനുള്ള വെല്ലുവിളികൾ’ എന്നീ പാഠഭാഗങ്ങൾ നീക്കി. 9 ആം ക്ലാസ് സിലബസിൽ നിന്ന് ജനാധിപത്യ അവകാശങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം എന്നിവ നീക്കി. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ എന്ന ഭാഗത്തു നിന്ന് ഒരു പാഠഭാഗം നീക്കി.