കോഴിക്കോട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. ഭക്തർ കൂട്ടമായി എത്തുന്നതിനാൽ കൊറോണ മാനദണ്ഡം പാലിക്കാൻ കഴിയാതിരിക്കുകയും സമൂഹ വ്യാപനത്തിന് കാരണമാവുകയും ചെയ്തേക്കാമെന്നതിനാലാണ് തീരുമാനം. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ദേവസ്വം കമ്മീഷണർ വിലക്ക് ഏർപ്പെടുത്തിയത്.
അതേസമയം, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വിവാഹ ബുക്കിംഗ് പുനരാരംഭിക്കാൻ ഗുരുവായൂർ ക്ഷേത്ര ദേവസ്വം തീരുമാനിച്ചു. നാളെ മുതൽ വിവാഹബുക്കിംഗ് ആരംഭിക്കും. കൗണ്ടറിലും ഗുഗിൾ ഫോം വഴി ഓൺലൈനായും ബുക്കിംഗിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതാണ്. കൊറോണ പ്രോട്ടോകോൾ കൃത്യമായി പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ മറ്റന്നാൾ മുതൽ വിവാഹങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. വിവാഹങ്ങൾ വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളിൽ രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയുള്ള സമയത്ത് കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വച്ച് നടത്തി കൊടുക്കുന്നതാണ്. ഒരു വിവാഹ സംഘത്തിൽ വധൂവരന്മാരും ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ അടക്കം പരമാവധി 12 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കില്ല.