ആലുവ കണ്ടെയ്ൻമെന്റ് സോണിൽ; മാർക്കറ്റ് വീണ്ടും അടച്ചു

ആലുവ: ഉറവിടമറിയാത്ത കൊറോണ രോഗികൾ കൂടിയതോടെ ആലുവ നഗരം പൂർണമായി കണ്ടെയ്ൻമെന്റ് സോണിലാക്കാനും ആലുവ മാർക്കറ്റ് പൂർണമായി അടക്കാനും തീരുമാനമായി. നഗരസഭ പരിധിയിൽ തോട്ടക്കാട്ടുകര മേഖലയെ മാത്രമാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

നഗരത്തിലെ ഒമ്പതാം വാർഡ് മുതൽ 23 -ാം വാർഡ് വരെയുള്ള വാർഡുകളിൽ 8,14 വാർഡുകൾ ഒഴികെയുള്ളവയാണ് കണ്ടെയ്ൻമെന്റ് സോണിലാക്കിയത്. ബൈപ്പാസ് മേഖല ഉൾപ്പെടുന്നതാണ് ഒഴിവാക്കപ്പെട്ട എട്ടാം വാർഡ്. ചെമ്പകശേരി മേഖലയാണ് 14 -ാം വാർഡ്. എന്നാൽ കൊറോണ രോഗികൾ ചികിത്സ തേടിയ ആശുപത്രിയും മാർക്കറ്റിന് കേവലം 150 മീറ്റർ മാത്രം അകലവുമുള്ള വാർഡാണ് എട്ട്. ഈ വാർഡിലെ കൗൺസിലറും ഇന്നലെ കൊറോണ ടെസ്റ്റിനായി സ്രവം നൽകിയവരിലുണ്ട്. നേരത്തെ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് നസ്രത്ത് വാർഡും മാർക്കറ്റിലെ ഓട്ടോറിക്ഷ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് ഭാഗത്തെ വാർഡും മാത്രമാണ് കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്.

ആലുവ മേഖലയിൽ ഇന്നലെ ഉറവിടമറിയാത്ത രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന 64 കാരനും എടത്തല സ്വദേശിയായ 59 കാരനുമാണ് ഉറവിടമറിയാത്ത കൊറോണ ബാധിതർ. ഇതര സംസ്ഥാനക്കാരുടെ ഏറെ സാന്നിദ്ധ്യവും കച്ചവടമുള്ള ചായക്കടയാണ് 59 കാരന്റേത്. ഇയാളുടെ മകൻ അടുത്തിടെ വിദേശത്ത് നിന്നും വന്ന് ക്വാറന്റൈനിൽ പോയെങ്കിലും കൊറോണ ബാധിച്ചിരുന്നില്ല. അതിനാൽ പുറമെ നിന്നുമാണ് വൈറസ് ബാധിച്ചതെന്നാണ് അനുമാനിക്കുന്നത്.

കീഴ്മാട് പഞ്ചായത്തിലെ അഞ്ചാം വാർഡിന് പുറമെ നാലാം വാർഡും ചൂർണ്ണിക്കരയിലെ 7-ാം വാർഡും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ മാർക്കറ്റിൽ പുലർച്ചെ രണ്ട് മുതൽ 9.30 വരെ മൊത്ത വ്യാപാരത്തിന് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതാണ് ഇന്നലെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.