മുംബൈ: ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറിന്റെ മുംബൈയിലെ സ്മാരക വസതിക്ക് നേരെ ആക്രമണം. മുംബൈയിലെ ദാദറിലെ രജഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. വീടിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിലാണ്. വസതിയിലുള്ള ചെടിച്ചട്ടികളും എറിഞ്ഞു തകർത്തു. കൂടാതെ വസതിയിലെ സിസിടിവി കാമറകളും തകർത്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം.
സംഭവത്തിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതിനിടെ ജനങ്ങളോട് സംയമനം പാലിക്കാൻ അംബേദ്കറുടെ കൊച്ചുമകനും വഞ്ചിദ് ബഹുജന്‍ അഗാഡി നേതാവുമായ പ്രകാശ് അംബേദ്കര്‍ ട്വീറ്റ് ചെയ്തു. പ്രധാന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.
കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മ്യൂസിയം താൽകാലികമായി അടച്ചിരിക്കുകയാണ്.