ദീർഘനാളായി ഇടപാട് ; സ്വർണം കള്ളക്കടത്ത് നടത്തിയത് ഭക്ഷ്യവസ്തുക്കള്‍ എന്നപേരിൽ

തിരുവനന്തപുരം: ദുബായിൽ നിന്നു തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയ കേസിൽ ഭക്ഷ്യവസ്തുക്കള്‍ എന്നപേരിലാണ് സ്വർണക്കടത്ത് നടത്തിയതെന്നടക്കമുള്ള വിവരങ്ങളുള്ള റിപ്പോർട്ട് പുറത്ത്. ദേശ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് കള്ളക്കടത്ത് നടന്നതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. സരത്തിന് ഇടപാടിൽ വലിയ പങ്കുണ്ടെന്നും, സരിത്തിന്റെ ഇടപാടുകള്‍ പലതും നിയമ വിരുദ്ധമാണെന്നും കസ്റ്റംസ് പറയുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ കസ്റ്റംസ്, കാര്‍ഗോ ഇന്ത്യയിലേക്ക് ബുക്ക് ചെയ്ത പണമിടപാടും ദുരൂഹമാണെന്നും വ്യക്തമാക്കുന്നു. ദീർഘനാളായി നടന്ന ഇടപാടാണിതെന്ന് സംശയമുയർന്നു കഴിഞ്ഞു.

കാര്‍ഗോ ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്താണ്. യുഎഇയിലെ ഫീസില്‍ എന്നയാള്‍ വഴിയാണ് ബുക്കിങ് നടത്തിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു.

യുഎഇ കോണ്‍സിലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വര്‍ണ്ണം എത്തിയത്. ദുബായില്‍ കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കള്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ നൽകിയ മൊഴി.

കള്ളക്കടത്തിന് തനിക്കോ യുഎഇ കോണ്‍സിലേറ്റിനോ ബന്ധമില്ലെന്നും ഇന്ത്യന്‍ നിയമ നടപടിയുമായി മുമ്പോട്ട് പോകാമെന്നും അറ്റാഷെ മൊഴി നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലെ നടപടികള്‍ക്കായി മുന്‍ പിആര്‍ഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.