ചൈനീസ് സേന പിൻമാറുന്നു ; തന്ത്രമോ, ധാരണ മാനിക്കലോ; കാത്തിരുന്ന് കാണാം

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഗൾവാൻ താഴ്‌വരയും പാംഗോങ് തടാകവും ഉൾപ്പെടെ നാലിടങ്ങളിൽ നിന്നും ചൈനീസ് സേന പിൻമാറ്റം തുടങ്ങി. ഫിംഗർ 4ല്‍‌ നിന്നും ഒന്നര കിലോമീറ്റർ സൈന്യം പിന്നോട്ട് നീങ്ങിയെന്നാണ് റിപ്പോർട്ട്‌. ഇരു സൈന്യവും തമ്മിലുള്ള ധാരണയെ തുടർന്ന് ഇന്ത്യൻ സൈന്യവും സമാന രീതിയിൽ പിന്മാറിയിട്ടുണ്.

മുൻ അനുഭവങ്ങളുടെ പശ്ചാതലത്തിൽ ചൈനീസ് പിൻമാറ്റത്തെ കണ്ണടച്ച് വിശ്വസിക്കാനാവില്ലെന്നതാണ് നഗ്നമായ യാഥാർഥ്യം. ചൈനയുടെ പിൻമാറ്റം തന്ത്രപരമായ ഒരു നീക്കമായാണ് പൊതുവേ വിലയിരുത്തപെടുന്നത്. കൊറോണയോടെ ലോകത്തിന് മുന്നിൽ തുരുത്തായി മാറിയ ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ നടത്തിയ നീക്കം എല്ലാ അർഥത്തിലും പരാജയപ്പെടുകയായിരുന്നു. ഇതെ തുടർന്ന് ചൈനീസ് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിൽ ഏർപ്പെടുത്തിയ വിലക്ക് അവരെ ഗുരുതരമായി ബാധിക്കും എന്ന് വ്യക്തമായിക്കഴിഞ്ഞു.

അതുകൊണ്ട് തന്നെ തൽക്കാലത്തേക്ക് മുട്ട് മടക്കുക. അവസരത്തിനൊത്ത് പ്രതികരിക്കുക എന്ന നിലപാടായിരിക്കും ചൈന അനുവർത്തിക്കുക എന്നാണ് സൂചന.

ഞായറാഴ്ച ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയും നടത്തിയ ചർച്ചയിലാണ് ഇരു സൈന്യവും പിൻമാറ്റത്തിന് ധാരണയായത്. ഇന്നലെ ആർമി ചീഫ് ജനറൽ എം എം നരവനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ഫോണിൽ ഇതിൻ്റെ വിവരങ്ങൾ അറിയിച്ചിരുന്നു. പിന്നീടാണ് അജിത്ത് ഡോവലും വാങ് യിയും തമ്മിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചത്.

ഇരുവരും തമ്മിലുള്ള ചർച്ചയിൽ പല കാര്യങ്ങളിലും നിലപാടുകളിലും അയവ് വരുത്താൻ ചൈനീസ് സേന തയ്യാറായി എന്നാണ് വിവരം.

1597 കിലോമീറ്റർ വരുന്ന ലഡാക്കിലെ നിയന്ത്രണ രേഖയിൽ സുഗമമായി പട്രോളിങ് നടത്താൻ സാധിച്ചാൽ മാത്രമേ അവിടെ സമാധാനം ഉണ്ടാകൂ എന്ന് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രിയെ അറിയിച്ചു. ജൂലായ് 15 ന് നടന്ന സംഭവത്തിൽ ഇരു വിഭാഗങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട് എങ്കിലും വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ മേഖലകളിൽ നിന്നും പിൻ മാറാൻ ഉള്ള ആവശ്യം അംഗീകരിക്കുകയായിരുന്നു.

മുൻപുള്ള അതിർത്തി സാഹചര്യങ്ങൾ കണക്കിലെടുത്ത് ചൈനയെ പൂർണമായി വിശ്വസിക്കാൻ കഴിയാത്തതിനാൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിൽ ആണ്. അതിനാൽ തന്നെ ലഡാക്കിലെ സൈനിക വിന്യാസം ഇന്ത്യ ഉടൻ പിൻവലിക്കില്ലെന്നാണ് സൂചന.