വാഷിംഗ്ടൺ: കൊറോണ വ്യാപനത്തിൽ ചൈനയ്ക്കെതിരേ വീണ്ടും ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്ന കൊറോണ വൈറസ് ചൈനയാണ് തൊടുത്തുവിട്ടതെന്ന് ട്രംപ് പലതവണ പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചൈനയ്ക്കെതിരെ വീണ്ടും വിമർശനവുമായി ട്രംപ് രംഗത്ത് വന്നത്. അമേരിക്കയ്ക്കും ലോകത്തിനും വലിയ നാശമാണ് ചൈന വരുത്തിവച്ചതെന്ന് ട്രംപ് ആരോപിക്കുന്നു. വൈറസ് വ്യാപനം രഹസ്യമാക്കി വെച്ചും മറച്ചുവെച്ചും അത് 189 രാജ്യങ്ങളിൽ പടരാൻ വഴിയൊരുക്കി. ഇതിനെല്ലാത്തിനും ഉത്തരവാദി ചൈനയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് വ്യാപനം രഹസ്യമാക്കി വെച്ച് ലോകം മുഴുവൻ പടരാൻ വഴിയൊരുക്കിയതിന് ചൈനയ്ക്കാണ് പൂർണ ഉത്തരവാദിത്തമെന്നും ട്രംപ് പറഞ്ഞു. ഇതിന് മുമ്പും കൊറോണ വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തി ട്രംപ് രംഗത്ത് വന്നിരുന്നു. ചൈനയുടെ കഴിവില്ലായ്മയാണ് ലോകമെമ്പാടുമുള്ള ആളുകൾ രോഗം ബാധിച്ച് മരിക്കുന്നതിനിടയാക്കിയതെന്ന് കഴിഞ്ഞ മെയ്മാസം ഇദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം ആരോപണങ്ങളെല്ലാം ചൈന തുടർച്ചയായി നിഷേധിക്കുകയാണ് ചെയ്യുന്നത്. വൈറസ് വ്യാപനം തങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും അമേരിക്ക ജനങ്ങളുടെ ശ്രദ്ധയെ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ചൈന ആരോപിക്കുന്നു.