കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെ വീട്ടില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി

ആലപ്പുഴ: കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെ വീട്ടില്‍ ഒരാള്‍ക്ക് കൂടി ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കുടുംബത്തിലെ വൈറസ് ബാധിതരുടെ എണ്ണം പതിനേഴായി. വ്യാപാരിയിൽ നിന്നാണ് എല്ലാവർക്കും രോ​ഗം പകർന്നത്. എന്നാൽ ഇയാളുടെ ഉറവിടം ഇപ്പോഴും അവ്യക്തമാണ്. അതേസമയം, ആലപ്പുഴ ഇന്ന് ജില്ലയില്‍ 15 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 206 ആയി. അതേസമയം, ജില്ലയില്‍ ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ഹൈദരാബാദില്‍ നിന്നും ജൂൺ 30ന് വിമാനത്തില്‍ കൊച്ചിയിലെത്തി തുടര്‍ന്ന് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം സ്വദേശിനികളായ യുവതികള്‍, മസ്‌കറ്റില്‍ നിന്നും ജൂലൈ രണ്ടിന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചുനക്കര സ്വദേശി (64), കുവൈറ്റില്‍ നിന്നും ജൂണ്‍ 24ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുതുകുളം സ്വദേശിയായ യുവാവ്, കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്, മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനില്‍ ജൂണ്‍ 26ന് ആലപ്പുഴയിലെത്തി തുടര്‍ന്ന് കൊറോണ കെയര്‍ സെന്ററില്‍ ആയിരുന്ന കോട്ടയം സ്വദേശിയായ യുവാവ്, കുവൈറ്റ് നിന്നും ജൂണ്‍ 18ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു കായംകുളം സ്വദേശിയായ യുവാവ്, സൗദിയില്‍ നിന്നും ജൂണ്‍ 15 ന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 59 വയസ്സുള്ള ദേവികുളങ്ങര സ്വദേശി, യമനില്‍ നിന്നും ജൂണ്‍ 25ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 46 വയസ്സുള്ള തഴക്കര സ്വദേശിനി, ദുബായില്‍ നിന്നും ജൂണ്‍ 18ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്, ഭുവനേശ്വറില്‍ നിന്നും ജൂണ്‍ 11നും അരുണാചല്‍പ്രദേശില്‍ നിന്നും ജൂണ്‍ എട്ടിനും ഛത്തീസ്ഗഡില്‍ നിന്നും ജൂണ്‍ 12 നും എത്തിയ ഐടിബിപി നൂറനാട് കേന്ദ്രത്തിലെ നാല് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.