ആപ്പ് നിരോധനം ചൈനയ്ക്ക് വൻ ആപ്പായി; ടിക്ടോക് കമ്പനി ബൈറ്റ് ഡാൻസിനു 44000 കോടി നഷ്ടമാകും

ന്യൂഡെൽഹി: ഇന്ത്യാ-ചൈന സംഘർഷത്തിൻ്റെ പശ്ചാതലത്തിൽ ഇന്ത്യയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചത് ടിക്ടോക് ഉൾപ്പെടെയുള്ള കമ്പനികൾക്ക് വൻ ആപ്പായി. ടിക്ക്‌ടോകിന്റെ നിരോധനത്തിൽ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിനു 44000 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ടിക്ടോക്, ഹേലോ, വിഗോ വീഡിയോ എന്നിവ ഉൾപെടുന്ന ബൈറ്റ്ഡാൻസിന്റെ മൂന്നു അപ്ലിക്കേഷനുകൾ ആണ് ഇന്ത്യ നിരോധിച്ചത്. ഇത് ഉൾപ്പെടെ 59 ആപ്പുകളാണ് ഇന്ത്യ കഴിഞ്ഞ ആഴ്ച നിരോധിച്ചത്.

ചൈന കഴിഞ്ഞാൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ടിക്ടോക് ഉപയോക്താക്കൾ ഉള്ളത്. അതായത് ലോകത്തെ ഉപയോക്താക്കളിൽ 30.3 ശതമാനം ഇന്ത്യയിലാണ്. അതിനാൽ ഇന്ത്യയിലെ നിരോധനത്തോടെ ടിക്ടോകിന് വലിയ നഷ്ടം ഉണ്ടാകും. മറ്റു അപ്ലിക്കേഷനുകളുടെ നിരോധനത്തിൽ ഉണ്ടാകുന്ന നഷ്ടത്തേക്കാൾ കൂടുതൽ നഷ്ടം ബൈറ്റ്ഡാൻസിന് ടിക് ടോക്കിലൂടെ ഉണ്ടാകും. ഏകദേശം 119 മില്യൺ ആക്റ്റീവ് ഉപഭോക്താക്കൾ ആണ് ടിക്ടോകിനു ഉണ്ടായിരുന്നത്.

ഈ വർഷം ആദ്യ ഘട്ടത്തിൽ 611 ദശലക്ഷം തവണ ടിക് ടോക് ഡൗൺലോഡ് നടന്നിട്ടുണ്ട്. ഇന്ത്യ – ചൈന അതിർത്തി പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യ ചൈനീസ് അപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിർത്തലാക്കിയത്. ഡാറ്റാ സുരക്ഷയും പൗരന്മാരുടെ സുരക്ഷയും കണക്കിലെടുത്താണ് ഈ ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.