സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിൽ ഐടി സെക്രട്ടറി സ്ഥിരം സന്ദർശകൻ; വെളിപ്പെടുത്തലുമായി അയൽവാസി

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെതിരെ അയൽവാസികൾ. സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിൽ ഐടി സെക്രട്ടറി സ്ഥിരം സന്ദർശകനാണെന്ന് അയൽവാസി പറഞ്ഞു. ഐടി സെക്രട്ടറി തന്റെ ഔദ്യോഗിക കാറിൽ വരാറുണ്ടായിരുന്നു. ഫ്‌ളാറ്റിൽ മദ്യ സൽകാരം പതിവായിരുന്നുവെന്നും അയൽവാസി പറഞ്ഞു. സ്ഥിരം മദ്യപാനം ഉണ്ടായിരുന്നു.

കുഴഞ്ഞ അവസ്ഥയിലാണ് പലപ്പോഴും വീട്ടിൽ വന്നു കയറുന്നത്. സെക്യൂരിറ്റി ഇവർക്കെതിരെ പരാതി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ സെക്യൂരിറ്റിയെ ഇവരുടെ ഭർത്താവ് മർദിച്ച് പൊലീസ് കേസായി. അത് ഒതുക്കി തീർക്കുകയായിരുന്നുവെന്നും അയൽവാസി പറഞ്ഞു.

മുടവൻ മുകൾ ട്രാവൻകൂർ റസിഡൻസിയിലാണ് സ്വപ്‌ന താമസിച്ചിരുന്നത്. നാല് വർഷത്തോളം സ്വപ്‌ന ഇവിടെ ഉണ്ടായിരുന്നു. അവസാനത്തെ രണ്ട് വർഷമാണ് ഐടി സെക്രട്ടറി ഇവിടെ എത്തിയത്. പുറത്തുനിന്നുള്ള പലരും എത്തിയിരുന്നു.

അതേസമയം, സ്വപ്‌നയ്‌ക്കെതിരെ മുൻപും കേസുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. എയർ ഇന്ത്യ ജീവനക്കാരി ആയിരിക്കെ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകിയതിനാണ് കേസെടുത്തത്. അന്ന് സ്വപ്‌നയെ കേസിൽ പ്രതി ചേർത്തിരുന്നുവെന്നും കസ്റ്റംസ് പറഞ്ഞു.