ഹൈദരാബാദ്: കൊറോണ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനായി തയ്യാറെടുക്കുന്നു. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് വികസിപ്പിച്ച വാക്സിനാണ് ആയിരത്തോളം പേരില്‍ ട്രയലുകള്‍ നടത്താൻ തയ്യാറെടുക്കുന്നത്. ഈ ക്ലിനിക്കല്‍ ടെസ്റ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും വാക്‌സിന്റെ പൊതുഉപയോഗം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുക. ആദ്യഘട്ടത്തില്‍ 375 പേരെയും രണ്ടാം ഘട്ടത്തില്‍ 750 പേരെയും ഉള്‍പ്പെടുത്താനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പദ്ധതി.
വാക്‌സിന്‍ വികസിപ്പിക്കുന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്നും അതിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിക്കേണ്ടത് അത്യാവശ്യമാണെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ ശാസ്ത്ര ഉപദേശക സമിതി ചെയര്‍മാന്‍ ജയപ്രകാശ് മുലിയല്‍ പറഞ്ഞു. അതിനാല്‍ തന്നെ ഓഗസ്റ്റ് 15-ന് വാക്‌സിന്‍ ലഭ്യമാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ ഓഗസ്റ്റ് 15-ന് ലഭ്യമാക്കണമെന്ന ഐസിഎംആര്‍ മുന്നോട്ടുവെച്ച സമയപരിധിയെ കുറിച്ച് കമ്പനി വക്താവ് സംസാരിക്കാന്‍ തയ്യാറായില്ല.
വാക്‌സിന്‍ ട്രയലുകള്‍ മിക്കവാറും തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഹൈദരാബാദ് നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രൊഫസറായ സി. പ്രഭാകര്‍ റെഡ്ഡി പറഞ്ഞു. ഐസിഎംആറിന്റെ കത്തു ലഭിച്ച രാജ്യത്തെ ട്രയല്‍ സെന്ററുകളില്‍ ഒന്നാണ് ഇത്. ഭാരത് ബയോടെക്ക് ലക്ഷ്യം കൈവരിക്കുന്നതിനായി അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്തിമഫലം ക്ലിനിക്കല്‍ ട്രയല്‍ ടെസ്റ്റുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ സഹകരണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.