ന്യൂഡെൽഹി: ഇന്ത്യയിലെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന ചരിത്ര സ്മാരകങ്ങൾ തുറക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ റദ്ദാക്കി. ഇന്ന് മുതൽ സ്മാരകങ്ങൾ തുറക്കുമെന്നാണ് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചിരുന്നത്. എന്നാൽ കൊറോണ വ്യപനത്തിന്റെ പശ്ചാത്തലത്തിൽ താജ്മഹൽ, ചെങ്കോട്ട, കുത്തബ്മീനാർ, എന്നിവ ഉൾപെടുന്ന സ്മാരകങ്ങൾ ഒന്നും ഉടനെ തുറക്കില്ലെന്ന് കേന്ദ്രം അറിയിച്ചു.
ചരിത്ര സ്മാരകങ്ങൾ ഉള്ള മേഖലകളിൽ 55 ഓളം പുതിയ കൊറോണ വൈറസ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. അതിനാൽ തന്നെ ജില്ലാ മജിസ്ട്രേട്ടിന്റെ നിർദ്ദേശ പ്രകാരമാണ് ഈ നടപടി. കൊറോണ വ്യാപനം മൂലമുള്ള ലോക്ഡൗൺ നിലവിൽ വന്നതോടെ മാർച്ചിൽ അടച്ച സ്മാരകങ്ങൾ ലോക് ഡൗൺ ഇളവുകളുടെ അടിസ്ഥാനത്തിൽ തുറക്കണമെന്ന് തീരുമാനിച്ചിരുന്നു.
സന്ദർശകർക്കായി കടുത്ത നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൊറോണ കേസുകൾ ഇപ്പോഴും ഉയർന്ന രീതിയിൽ നില നിൽക്കുന്ന സാഹചര്യത്തിൽ സ്മാരകങ്ങൾ തുറക്കുന്നത് അപകടകരമാണ്. വലിയ സാമ്പത്തിക നഷ്ടം നേരിടുന്ന ഈ സമയത്ത് ആഗ്രയിലെ ടൂറിസം വ്യവസായത്തെ സംബന്ധിച്ച് അടച്ചിടൽ ഇനിയും നീളുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം രാജ്യത്തെ 3400 സ്മാരകങ്ങൾ ആണ് മാർച്ച് 17 ന മുൻപ് അടച്ചിട്ടത്. നേരത്തെ അൺലോക്ക് ഒന്നാം ഘട്ടത്തിൽ 820 ഓളം ആരാധനാലയങ്ങൾ തുറന്നു കൊടുത്തിരുന്നു.