സിബിഎസ്ഇ സിലബസിന്റെ മൂന്നിലൊന്ന് ഭാ​ഗം വെട്ടിക്കുറച്ചു; 2021ലെ പരീക്ഷകൾ ഈ സിലബസിനെ അടിസ്ഥാനമാക്കി

ന്യൂഡൽഹി: കൊറോണ ലോക്ക്ഡൗൺ കാരണം അധ്യയന വർഷത്തിന്റെ മൂന്നിൽ ഒന്ന് ദിവസങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനാൽ സിബിഎസ്ഇ വിവിധ ക്ലാസുകളിലെ സിലബസ് വെട്ടിക്കുറയ്ക്കാൻ തീരുമാനമായി.

ഈ വർഷത്തെ ക്ലാസുകൾ കുറഞ്ഞതിനാൽ വിഷയങ്ങളിലെ വിദഗ്ധരുമായി സിബിഎസ്ഇ അധികൃതർ ചർച്ച നടത്തിയിരുന്നു. ഓരോ ക്ലാസിലെയും മൂന്നിലൊന്ന് ഭാഗം സിലബസ് വെട്ടിക്കുറക്കും. 25 ശതമാനമാണ് സിലബസിൽ നിന്ന് സിബിഎസ്ഇ എടുത്ത് മാറ്റിയത്. പുതിയ വെട്ടിക്കുറച്ച സിലബസ് സിബിഎഇ പ്രസിദ്ധീകരിക്കും.
2021ലെ പരീക്ഷകൾ ഈ സിലബസ് അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഈ മാസം വെട്ടിച്ചുരുക്കിയ പാഠ്യപദ്ധതി പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ ചെയർമാൻ മനോജ് അഹൂജ വ്യക്തമാക്കി.

സംസ്ഥാന സിലബസുകളിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. കേരള സിലബസിന്റെ കാര്യത്തിൽ ഈ ആഴ്ച തീരുമാനം എടുക്കും. എൻസിആർടിഇ പ്രൈമറി ക്ലാസുകളിൽ സ്‌കൂൾ അധ്യയന ദിവസങ്ങളുടെ കുറവ് വീട്ടിലെ പഠനം കൂടി ഉൾപ്പെടുത്തി പരിഹരിക്കാനുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാർച്ച് 16 മുതൽ രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. മാർച്ച് 24നാണ് ദേശീയതലത്തിൽ ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ടത്. മറ്റ് പല നിർദേശങ്ങളും എടുത്തുകളഞ്ഞെങ്കിലും സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.