തിരുവനന്തപുരം: കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാവിലെ ആറുമുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇതോടെ നഗരത്തിനകത്തേക്ക് കടക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. ഒരു എന്‍ട്രി പൊയിന്റും എക്‌സിറ്റ് പൊയിന്റും മാത്രമേ ഉണ്ടാവുകയുള്ളു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപി, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടയ്ക്കും.
ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും. ഒരു പ്രദേശത്ത് ഒരു കട മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളു. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം.
തലസ്ഥാന ജില്ലയില്‍ ഇന്ന് 27പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൂന്തുറയിൽ മാത്രം ഇന്ന് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് മണക്കാട് കൊഞ്ചിറവിള സ്വദേശിനി എട്ട് വയസുകാരിക്ക് യാതൊരു യാത്രാപശ്ചാത്തലവുമില്ലാതെ രോഗം സ്ഥിരീകരിച്ചു. പേട്ട സ്വദേശിനി 42 കാരി, വഞ്ചിയൂർ സ്വദേശി 62 കാരൻ, മണക്കാട് സ്വദേശി 29 കാരൻ, ചെമ്പഴന്തി സ്വദേശിനി 29 കാരി, കമലേശ്വരം സ്വദേശി 29 കാരൻ, മണക്കാട് സ്വദേശിനി 22 കാരി, ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി 70 കാരൻ, പൂന്തുറ സ്വദേശി 36 കാരൻ, വള്ളക്കടവ് സ്വദേശി 65 കാരൻ, പുല്ലുവിള സ്വദേശി 42 കാരൻ, പൂന്തുറ സ്വദേശി44 കാരൻ, പൂന്തുറ സ്വദേശിനി 18 കാരി, പൂന്തുറ സ്വദേശി 15 കാരൻ, പൂന്തുറ സ്വദേശി 13 കാരൻ,മണക്കാട് സ്വദേശി 51 കാരൻ എന്നിവർക്ക് യാത്രാ പശ്ചാത്തലമില്ലാതെയാണ് കൊറോണ സ്ഥിരീകരിച്ചത്.