പെരിങ്ങൽക്കുത്തിൽ ജലനിരപ്പ് 418 മീറ്റർ; ചാലക്കുടി പുഴയിലേക്ക് ജലമൊഴുക്കാൻ സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തൃശൂര്‍: പെരിങ്ങൽക്കുത്ത് ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 418 മീറ്ററായതിനെ തുടർന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ, ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കളക്ടർ ജാഗ്രതാ മുന്നറിയിപ്പ് നൽകി.

424 മീറ്ററാണ് ഡാമിന്‍റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്ന്, ജൂലൈ അഞ്ച് ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയർന്ന് 419.4 മീറ്ററായാൽ റെഡ് അലേർട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിവിടും.

അതേസമയം സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റര്‍ മുതൽ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ് യെല്ലോ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.