ജനീവ: കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ട്രയൽ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ അറിയാൻ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊറോണ മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍. ഡയറക്ടർ ജനറൽ ടെഡ‍്രോസ് അഥനോം ആണ് ശുഭപ്രതീക്ഷ നൽകുന്ന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 398 രാജ്യങ്ങളിൽ നിന്നായി 5500 രോഗികളിൽ സോളിഡാരിറ്റി ട്രയൽ നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു.
അതേസമയം കൊറോണയ്ക്കെതിരെ എപ്പോൾ വാക്സിൻ കണ്ടെത്തും എന്ന കാര്യത്തിൽ പ്രവചനം നടത്തുന്നത് ബുദ്ധിശൂന്യമായ പ്രവർത്തിയാണെന്നായിരുന്നു ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം മേധാവി മൈക്ക് റയാന്റെ അഭിപ്രായം. അഥവാ ഈ വർഷാവസാനത്തോടെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയാൽ തന്നെ അവ എങ്ങനെ വൻതോതിൽ ഉത്പാദിപ്പിക്കുമെന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്.
എന്നാൽ സോളിഡാരിറ്റി ട്രയലിന്റെ ഭാഗമായി അഞ്ച് ചികിത്സാ രീതികളെയാണ് നിരീക്ഷണ വിധേയമാക്കുന്നത്. സ്റ്റാൻഡേർഡ് കെയർ, റെംഡിസിവർ, ട്രംപ് നിർദ്ദേശിച്ച മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച് ഐ വി ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലോപിനാവിർ, റിറ്റോണാവിർ, ശരീരത്തിലെ പ്രോട്ടീനുകളുമായി സംയോജിച്ചുള്ള ലോപിനാവിർ, റിറ്റോണാവിർ എന്നിവയുടെ പ്രവർത്തനം എന്നീ ചികിത്സാ രീതികളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ പരിശോധന മാസങ്ങൾക്ക് മുമ്പ് നിർത്തിവച്ചിരുന്നു. ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും മാത്രമല്ല ചില പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നിർത്തി വച്ചത്. കൊവിഡ് രോഗികൾക്ക് ഈ മരുന്ന് നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.