ഉണ്ണിക്കുറുപ്പ്
തിരുവനന്തപുരം: കൊറോണ തീർത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ടെൻഡർ വിളിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടി നിർമ്മാണത്തിന് സിപിഎം പാർട്ടി ചാനലുമായി സർക്കാർ വഴിവിട്ട് കരാർ പുതുക്കി. കരാറിൽ നിർമ്മാണ ചെലവിൻ്റെ അഞ്ചിരട്ടിയിലധികം തുകയാണ് ഓരോ എപ്പിസോഡിനും നീക്കിവച്ചിരിക്കുന്നത്. കരാര്‍ വഴി സര്‍ക്കാര്‍ ഖജനാവിൽ നിന്ന് കോടികളാണ് പാര്‍ട്ടി ചാനലായ കൈരളിക്ക് ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ “നാം മുന്നോട്ട്”ൻ്റെ നിര്‍മാണ കരാറാണ് പാര്‍ട്ടി ചാനലിന് വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നൽകി വ്യാഴാഴ്ച ഉത്തരവ് ഇറങ്ങിയത്.
കൂടാതെ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന വകയില്‍ ഓരോ എപ്പിസോഡിനും ലക്ഷങ്ങള്‍ വേറെയും ലഭിക്കും. കരാറിൽ ഓരോ എപ്പിസോഡിനും 2.32 ലക്ഷം രൂപയാണ് നിർമാണ ചെലവിന് അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് എപ്പിസോഡ് മാത്രമേ ഒരു തവണ ഷൂട്ട് ചെയ്യാനാകുന്നുള്ളുവെങ്കിൽ ഓരോ എപ്പിസോഡിനും മൂന്നു ലക്ഷം രൂപ വീതമാണ് നൽകുക. ഒരു ഷൂട്ടില്‍ ഒരു എപ്പിസോഡ് മാത്രമാണെങ്കില്‍ അഞ്ചു ലക്ഷം രൂപ ലഭിക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകുന്ന പ്രതിഫലം യാത്ര, താമസം എന്നിവ ഉള്‍പ്പെടെ 1.20 കോടിയോളം രൂപ ചെലവുണ്ടാവും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് മോഡലെന്ന് ആക്ഷേപമുള്ള പരിപാടിക്ക് കൊറോണ പ്രതിസന്ധിക്കിടെയും 5.26 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ദൂരദര്‍ശനിലടക്കം പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് മാത്രം 4.25 കോടി രൂപയാണ് അനുവദിച്ചത്.
ടെന്‍ഡര്‍ വിളിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും കഴിഞ്ഞ വര്‍ഷം പരിപാടിയുടെ നിര്‍മാണ ചുമതല പാര്‍ട്ടി ചാനലിന് കൈമാറിയത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. 2017ല്‍ തുടക്കമിട്ട പരിപാടി ആദ്യം സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റായിരുന്നു നിര്‍മിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് കൈരളിയുടെ മാതൃകമ്പനിയായ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് കരാര്‍ നല്‍കിയത്. 2019 ജൂലൈ നാലിലെ കരാര്‍ ഇന്നലെയാണ് അവസാനിച്ചത്.
കരാര്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കൈരളി നല്‍കിയ കത്ത് പ്രകാരം യാതൊരു നടപടിക്രമങ്ങളുമില്ലാതെ സര്‍ക്കാര്‍ കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു. പരിപാടിയുടെ ഫ്‌ളോര്‍ ഷൂട്ട്, പോസ്റ്റ് ഷൂട്ടിങ് ജോലികള്‍ എന്നിവയാണ് കൈരളി നിര്‍വഹിക്കുക.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് കോടികളുടെ മാമാങ്കമാക്കി മാറ്റിയത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും പ്രസ്തുത പരിപാടിക്കായി സര്‍ക്കാര്‍ പത്തു കോടിയിലേറെ രൂപ ചെലവഴിച്ചു. 2018-19 സാമ്പത്തിക വര്‍ഷം തുകയുടെ വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് പോലും നടത്തിയിരുന്നില്ല.