തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജില്ലയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സ്ഥിതി ഗുരുതരമെന്ന് മേയർ കെ ശ്രീകുമാർ. ഒരു ഭക്ഷണ വിതരണക്കാരനും പൂന്തുറ പൊലീസ് സ്റ്റേഷൻ സമീപം താമസിക്കുന്ന രണ്ട് പേർക്കും ഒരു മത്സ്യവിൽപന തൊഴിലാളിക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത്. നിയന്ത്രിത മേഖലകളിൽ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നിരോധിച്ചു. നഗരത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറിയും പാടില്ലെന്ന് മേയര്‍ കെ ശ്രീകുമാർ നിര്‍ദ്ദേശിച്ചു. അതേ സമയം പൂന്തുറ കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറക്കും.
ഭക്ഷണ വിതരണം നടത്തുന്നവർ മാസ്‌കും ഗ്ലൗസും ധരിച്ച് മാത്രമേ വിതരണം നടത്താവൂ. നഗരത്തിലെ കടകൾ രാത്രി ഏഴ് മണിക്ക് ശേഷം തുറക്കില്ലെന്നും മേയർ പറഞ്ഞു. നഗരത്തിൽ പന്ത്രണ്ട് മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. അതേസമയം കൊറോണ സ്ഥിരീകരിച്ച ഒരു പൂന്തുറ സ്വദേശിയുടെ നില ഗുരുതരമാണ്. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 16 പേർക്കാണ്. അതിലാണ് നാല് പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം സമൂഹവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ആൾക്കൂട്ടം ഒഴിവാക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. സെക്രട്ടറിയറ്റിലും മന്ത്രിമാരുടെ ഓഫീസിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.