തിരുവനന്തപുരം: വൈദ്യുതി മീറ്റർ റീഡിങ് ഉപയോക്താവിന് സ്വയം എടുക്കാൻ സംവിധാനമൊരുങ്ങുന്നു. കൊറോണ കണ്ടെയ്ൻമെന്റ് സോണുകളിൽ നേരിട്ടെത്തി മീറ്റർ റീഡിങ് എടുക്കാൻ സാധിക്കാത്തതിനാലാണ് വൈദ്യുതി ബോർഡ് ബദൽ പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് . ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ തയാറാക്കുകയാണ് ബോർഡ്. സോഫ്റ്റ്‌വെയർ തയ്യാറാകുന്നതുവരെ മീറ്റർ റീഡർമാർ ഫോണിൽ നൽകുന്ന നിർദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത ശേഷം മീറ്ററിന്റെ പടം എടുത്തു വാട്സാപ്പിൽ അയച്ചാൽ മതിയെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു.
സ്വയം മീറ്റർ റീഡിങ് എടുക്കാൻ താൽപര്യമില്ലാത്തവർക്കു ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകും. പിന്നീടു റീഡിങ് എടുക്കുമ്പോൾ അതിനനുസരിച്ചു ബിൽതുക ക്രമീകരിച്ചു കൊടുക്കുകയും ചെയ്യും.
സോഫ്റ്റ്‌വെയർ ഒരുങ്ങിക്കഴിഞ്ഞാൽ റീഡിങ് എടുക്കാൻ സമയമാകുമ്പോൾ ഉപയോക്താവിന് എസ്എംഎസ് ലഭിക്കും. താൽപര്യമുള്ളവർ മീറ്ററിന്റെ പടം എടുത്ത് നിശ്ചിത ലിങ്കിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. ഈ സംവിധാനം നിലവിൽ വരുന്നതു വരെയാണു മീറ്റർ റീഡർ ഫോണിൽ വിളിച്ചു പടം എടുത്തു വാട്സാപ്പിൽ ഇടാൻ ആവശ്യപ്പെടുക.