ന്യൂഡെൽഹി: ഇന്ത്യയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ ചൈന. ഇന്ത്യയിൽ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തുന്നെന്നും ഇത് അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുതെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇന്ത്യൻ നേതാക്കളുടെയും പ്രതികരണങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്. ചൈനീസ് ആപ്പുകൾ നിരോധിച്ചതും ചൈനയെ അസ്വസ്ഥമാക്കിയിരുന്നു. ഇതിനു പിന്നാലെ വ്യാപമായിക്കൊണ്ടിരിക്കുന്ന ചൈനീസ് ഉൽപ്പന്ന ബഹിഷ്കരണവും ചൈനയുടെ കച്ചവടത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
അതിര്‍ത്തി പ്രശ്നങ്ങള്‍ക്കിടെ ഇന്നലെ ലഡാക്കിലെത്തിയ പ്രധാനമന്ത്രി ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്ട്ര വിപുലീകരണവാദികളെ ലോകം ഒന്നിച്ചു നിന്ന് ചെറുത്തിട്ടുണ്ടെന്ന് മോദി ചൈനയെ ഓർമ്മിപ്പിച്ചു. ഭാരതമാതാവിനെ സംരക്ഷിക്കാൻ സൈനികർക്കൊപ്പം രാജ്യം ഉറച്ചു നില്ക്കും. ധീരൻമാർക്കേ സമാധാനം ഉറപ്പാക്കാനാകു എന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.
ലേക്കടുത്തെ നിമ്മു സൈനിക ക്യാംപിലാണ് നരേന്ദ്ര മോദി സൈനികരോട് സംസാരിച്ചത്. ഗൽവാനിൽ ജീവൻ നല്‍കിയ ധീരസൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു. ലോകം ഇന്ത്യയുടെ സൈനികരുടെ ധൈര്യവും സാഹസികതയും കണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. ലഡാക്കിലെ ഓരോ കല്ലിനും ഇന്ത്യയുടെ വേർപെടുത്താനാകാത്ത ഘടകമാണെന്ന് അറിയാം. രാഷ്ട്രവിപുലീകരണത്തിന് ശ്രമിക്കുന്ന ശക്തികൾ ഒറ്റപ്പെട്ട ചരിത്രമേ ഉള്ളു എന്നും ചൈനയ്ക്ക് മോദി മുന്നറിയിപ്പ് നല്‍കി.
അതേസമയം, ചൈനയ്ക്ക് പാകിസ്ഥാന്‍ പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയ്ക്കൊപ്പം ഉറച്ചു നില്ക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പാകിസ്ഥാന്‍റെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു.
അതേ സമയം നേപ്പാളും ഇന്ത്യയ്ക്കെതിരേ നിലപാടെടുത്തത് ചൈനീസ് ഭീഷണിയുടെ പിൻബലത്തിലാണെന്ന് സൂചനയുണ്ട്. അതിർത്തിയിൽ സൈനിക തല ചർച്ചകൾ നടത്തുമ്പോഴും അയൽ രാജ്യങ്ങളിൽ ഇന്ത്യാ വിരുദ്ധ തരംഗം വളർത്തി നേതൃത്വം ഏറ്റെടുക്കുക എന്ന തലതിരിഞ്ഞ നയതന്ത്രമാണ് ചൈന നടപ്പാക്കുന്നത്.