ഛണ്ഡീഗഡ്: പഞ്ചാബിൽ പബ്ജി കളിച്ച് പതിനേഴുകാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. ആര്‍ട്ടിലറി, ടൂര്‍ണമെന്റുകള്‍ പാസാകല്‍, വെര്‍ച്വല്‍ അമ്യൂണിഷന്‍ അടക്കമുള്ള ഇന്‍ ആപ് ഐറ്റംസിനായാണ് ഇത്രയും തുക വിനിയോഗിച്ചത്. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരന്‍ ഉപയോഗിച്ചത്. പിതാവിന്റെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയിരുന്ന തുകയാണ് പബ്ജി കളിക്കുന്നതിനായി ഉപയോഗിച്ചത്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാര്‍ത്ഥി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പഠിക്കുന്നതിന് പകരം പബ്ജി കളിക്കുകയായിരുന്നു. ബാങ്കില്‍ നിന്ന് വന്നിരുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നതായും കുട്ടിയുടെ പിതാവ് പറഞ്ഞു. അമ്മയുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലുണ്ടായിരുന്ന പണവും പബ്ജി കളിക്കുന്നതിനായി ഉപയോഗിച്ചു.
പിന്നീട് ഉപയോഗിക്കുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേര്‍ഡ് അടക്കം മാതാപിതാക്കള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. ഈ വിവരം അറിയാമായിരുന്ന വിദ്യാര്‍ത്ഥി ഒരു മാസം കൊണ്ടാണ് 16 ലക്ഷം രൂപ പബ്ജി മൊബൈല്‍ ഐറ്റംസ് വാങ്ങുന്നതിനായി ഉപയോഗിച്ചത്.