നേപ്പാളിൽ പാർലമെന്റ് സമ്മേളനം നിർത്തിവയ്ക്കാൻ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ പാർലമെന്റ് സമ്മേളനം തൽകാലത്തേക്ക് നിർത്തിവയ്ക്കാൻ പ്രധാനമന്ത്രി കെ പി ശർമാ ഒലി നിർദേശം നൽകി. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കുന്നതിനുള്ള ഭീഷണികളെ ഒഴിവാക്കാനായാണ് സഭ നിർത്തി വയ്ക്കാനുള്ള തീരുമാനം ഒലി എടുത്തത്. രണ്ട് സഭകളിലെയും അധ്യക്ഷന്മാരോട് ആശയവിനിമയം നടത്താതെയായിരുന്നു ഒലിയുടെ തീരുമാനം.

സമ്മേളനം തത്കാലത്തേക്ക് നിർത്തി വയ്ക്കാനുള്ള നിർദേശം ഒലി നൽകിയെന്നാണ് വിവരം. അദ്ദേഹത്തിന്റെ പാർട്ടിയായ നാഷണൽ കമ്മ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ദിവസത്തിൽ നടത്തിയ സ്റ്റാൻഡിംഗ് കമ്മറ്റി യോഗത്തിൽ ഒലിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. രാജി വയ്ക്കാനുള്ള സമ്മർദങ്ങൾക്കും ഒലി വഴങ്ങിയില്ല. രാഷ്ട്രീയ പ്രതിസന്ധി തുടരവെയാണ് ഒലിയുടെ ഈ തീരുമാനം.

കഴിഞ്ഞ ദിവസം രാജി ആവശ്യപ്പെട്ടുള്ള സമ്മർദം ശക്തമായതിനെ തുടർന്ന് കെ പി ശർമാ ഒലി അടിയന്തര മന്ത്രി സഭായോഗം വിളിച്ചിരുന്നു. അദ്ദേഹം രാഷ്ട്രപതി ബിന്ധ്യ ദേവി ഭണ്ഡാരിയെയും കണ്ടിരുന്നു കൂടാതെ മുൻ പ്രധാനമന്ത്രിയായ പുഷ്പ കമൽ ഝഹലിനെയും അദ്ദേഹം സന്ദർശിച്ചിരുന്നു.

സ്വന്തം പാർട്ടിയായ നാഷണൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത്. ഇന്ത്യ തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി ആവശ്യം മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ഉയർത്തിയത്. ഒലി തികഞ്ഞ പരാജയമാണെന്നും രാജി വയ്ക്കണമെന്നുമാണ് ആവശ്യം.