കാക്കനാട്: നമ്മുടെ നാടിന്‍റെ സംസ്ക്കാരത്തിന്‍റെ നന്മകള്‍ സ്വാംശീകരിച്ച് സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് സമൂഹത്തെ പ്രകാശിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍ സഭാദിനത്തോടനുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ റാസാ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
മാര്‍ത്തോമാ ശ്ലീഹായില്‍ വിളങ്ങിനിന്ന വിശ്വാസ തീക്ഷണതയും പ്രേഷിത ചൈതന്യവും ക്രൈസ്തവ ജീവിതത്തിന് സാക്ഷ്യം വഹിക്കാന്‍ വിശ്വാസ സമൂഹത്തിന് ശക്തി പകരണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കേരളത്തിനകത്തും പുറത്തും ഇന്ത്യയിലെമ്പാടും വിദേശത്തുമുള്ള എല്ലാ സീറോമലബാര്‍ സഭാവിശ്വാസ സമൂഹങ്ങളെയും പ്രത്യേകം പേരെടുത്തു പരാമര്‍ശിച്ച് മാർ ആലഞ്ചേരി ദുക്റാനാ തിരുനാള്‍ മംഗളങ്ങള്‍ ആശംസിച്ചു.
സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന റാസാ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടൊപ്പം ഫാ. തോമസ് മേല്‍വെട്ടവും ഫാ. എബ്രാഹം കാവില്‍പുരയിടത്തിലും സഹകാര്‍മ്മികരായിരുന്നു.
കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും കൂരിയയിലെ വൈദികരും സമര്‍പ്പിതരും അടക്കം വളരെ കുറച്ചു പേരാണ് സഭാദിന റാസാ കുര്‍ബാനയില്‍ പങ്കെടുത്തത്. കൊറോണ ബാധയുടെ പശ്ചാതലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ച് അർപ്പിച്ച റാസാ കുര്‍ബാന മാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീമിംങ്ങ് നടത്തി.