ക്ലബ്ബ് ഫാക്ടറി വഴി 599 ₹ യുടെ വസ്ത്രം ഓര്‍ഡര്‍ ചെയ്തു; തുക തിരിച്ചെടുക്കാന്‍ ശ്രമിച്ചു; 60,000 ₹ നഷ്ടമായി

ചെന്നൈ: നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനില്‍നിന്ന് തുണിത്തരം വാങ്ങാന്‍ മുടക്കിയ തുക തിരിച്ചെടുക്കാന്‍ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ. ചൈനീസ് ഓണ്‍ലൈന്‍ വ്യാപാര ആപ്പായ ക്ലബ്ബ് ഫാക്ടറിവഴി 599 രൂപയുടെ വസ്ത്രം ഓര്‍ഡര്‍ ചെയ്ത ചെന്നൈ കൊരട്ടൂര്‍ സ്വദേശി സെല്‍വറാണി(32)ക്കാണ് പണം നഷ്ടമായത്.ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ക്ലബ്ബ് ഫാക്ടറിയുമുള്ളത് യുവതി ശ്രദ്ധിച്ചത്. അതോടെ ഓര്‍ഡര്‍ റദ്ദാക്കി ആപ്ലിക്കേഷന്‍ ഫോണില്‍നിന്ന് കളഞ്ഞു.

ഓണ്‍ലൈനായി പണമടച്ചിരുന്നതിനാല്‍ അത് തിരിച്ചുലഭിക്കുന്നതിനായി കമ്പനിയുടെ കസ്റ്റമര്‍കെയറില്‍ വിളിച്ചു സഹായം തേടി.തുടര്‍ന്ന് മറ്റൊരു നമ്പരില്‍നിന്ന് യുവതിക്ക് ഫോണ്‍കോളെത്തി. ക്ലബ്ബ് ഫാക്ടറിയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ പണം തിരിച്ചുനല്‍കുന്നതിന് എന്ന വ്യാജേന കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ഭര്‍ത്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ യുവതി നല്‍കുകയുംചെയ്തു.എന്നാല്‍ തൊട്ടുപിന്നാലെ അക്കൗണ്ടില്‍നിന്ന് ആറുതവണയായി പതിനായിരം രൂപ വീതം പിന്‍വലിച്ചെന്ന് ഫോണില്‍ സന്ദേശമെത്തി. അപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി യുവതിക്ക് മനസ്സിലായത്.