Home National നിയന്ത്രണ രേഖയിലെ പാകിസ്ഥാന്‍ പ്രകോപനത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ

നിയന്ത്രണ രേഖയിലെ പാകിസ്ഥാന്‍ പ്രകോപനത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ

0

ന്യൂഡെല്‍ഹി: നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ പ്രകോപനത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിച്ച് ഭീകരരെ ജമ്മു കശ്മീരിലേക്ക് കടത്തിവിടാന്‍ പാകിസ്ഥാന്‍ സൈന്യം പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീരിലെ ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ 20,000 സൈനികരെയാണ് പാകിസ്ഥാന്‍ വിന്യസിച്ചത്. അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കേയാണ് ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാന്റെ നടപടി.

ഈ വര്‍ഷം ജൂണ്‍ വരെയുളള കാലയളവില്‍ 2432 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതില്‍ 14 ഇന്ത്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 88 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.

അതിര്‍ത്തി കടന്നുളള ഭീകരരുടെ നുഴഞ്ഞു കയറ്റത്തിന് സഹായകമായ നിലപാടാണ് പാകിസ്ഥാന്‍ സൈന്യം സ്വീകരിക്കുന്നത്. വെടിവെയ്പിന്റെ മറവില്‍ തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ പാകിസ്ഥാന്‍ സൈന്യം പ്രോത്സാഹിപ്പിക്കുകയാണ്. ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here