ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കായി ഗോവ ഇന്ന് മുതല്‍ തുറന്നു

ഗോവ: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് മേഖലകളില്‍ ഒന്നായ ഗോവ ഇന്ന് മുതല്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. 250 ഓളം ഹോട്ടലുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഗോവ ടൂറിസം മന്ത്രി മനോഹര്‍ അജ്ഗാവ്കര്‍ അറിയിച്ചു. കര്‍ശനമായ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് സ്വദേശീയരായ സഞ്ചാരികളെ ഗോവയിലേക്കു പ്രവേശിക്കുവാന്‍ അനുവദിച്ചിരിക്കുന്നതെന്ന് അജ്ഗാവ്കര്‍ പറഞ്ഞു.

യാത്രക്കു മുന്‍പ്, യാത്രക്കിടയില്‍, യാത്രക്കു ശേഷം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് യാത്രക്കാര്‍ക്കു വേണ്ടി മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഉയര്‍ന്ന സുരക്ഷയും ശുചിത്വ നിലവാരവുമുള്ള ഹോട്ടലുകള്‍ക്കു മാത്രമേ തുറക്കാന്‍ അനുമതിയുള്ളു. ഇവിടെ പ്രീ ബുക്കിങ്ങ് ഹോട്ടല്‍ നിര്‍ബന്ധമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സമയത്ത് ഹോട്ടലില്‍ നിന്നും ലഭിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തല്‍ ഫോം പൂരിപ്പിച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്.

വരുന്നവര്‍ കഴിഞ്ഞ 48 മണിക്കുറിനുള്ളില്‍ പരിശോധിച്ച കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കൊണ്ടു വരുകയോ ഗോവയില്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തുയോ വേണം. ഗോവിലേക്കു പ്രവേശിക്കുന്ന ഓരോ പ്രവേശന സ്ഥലത്തും തെര്‍മല്‍ സ്‌കാനിംഗ് നടത്തും. നിലവില്‍ ഗോവയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 1400 നു മുകളിലാണ്. കഴിഞ്ഞ ദിവസം ഗോവയില്‍ 95 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.