ഇന്ത്യയിലെ ആദ്യ പ്ലാസ്മ ബാങ്ക് ഡെൽഹിയിൽ

ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യ പ്ലാസ്മ ബാങ്ക് ഡെൽഹിയിൽ പ്രവർത്തനമാരംഭിക്കുന്നു. കരൾ രോഗ ചികിത്സാ കേന്ദ്രമായ വസന്ത് കുഞ്ജിലെ ഐഎൽബിഎസിലാണ് പ്ലാസ്മ ബാങ്ക് പ്രവർത്തിക്കുന്നത്. കൊറോണ രോഗികൾക്ക് പ്ലാസ്മ തെറാപ്പിക്ക് സഹായകമായാണ് ഇന്ത്യയിൽ ആദ്യത്തെ പ്ലാസ്മാ ബാങ്കിന് തുടക്കമിടുന്നത്. പ്ലാസ്മ ദാനം ചെയ്യുന്നവരുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ പറയുന്നു. എന്നാൽ കൊറോണ വൈറസ് രോ​ഗം പൂർണമായും ഭേദമാക്കാൻ സാധിക്കുന്ന ചികിത്സാ രീതി അല്ല ഇതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ രോ​ഗ മുക്തരായ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്ലാസ്മ ദാനം ചെയ്യാൻ സാധിക്കുക. 60 വയസിൽ താഴെയുള്ളവർക്കാണ് പ്ലാസ്മ ദാനം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. 50 കിലോ ഭാരമുള്ള, 18- 60 വയസിന് ഇടയ്ക്കുള്ളവർക്ക് പ്ലാസ്മ ദാനം ചെയ്യാം. ഗർഭിണികൾ, പ്രമേഹ രോഗികൾ, അമിത രക്ത സമ്മർദ്ദമുള്ളവർ, കാൻസർ രോഗികൾ, ഹൃദയം- വൃക്ക- കരൾ രോഗമുള്ളവർ എന്നിവർക്ക് പ്ലാസ്മ ദാനം ചെയ്യാൻ കഴിയില്ല. ഡോക്ടറുടെ നിർദേശം അനുസരിച്ച് ആശുപത്രികൾക്ക് മാത്രമേ പ്ലാസ്മ ബാങ്കിനെ സമീപിക്കാൻ സാധിക്കൂ.

കൊറോണ രോഗിക്കോ ബന്ധുക്കൾക്കോ സാധ്യമല്ല. അതേസമയം കൊറോണ രോ​ഗത്തിൽ നിന്ന് മുക്തി നേടിയ മന്ത്രി സത്യേന്ദ്ര ജെയിൻ പ്ലാസ്മ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.