ചെന്നൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എട്ട് ഉദ്യോഗസ്ഥർക്ക് കൊറോണ ; ഡിഎംകെ എംപിയെ പരിശോധിക്കും

ചെന്നൈ: ചെന്നൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എട്ട് ഉദ്യോഗസ്ഥർക്ക് കൊറോണ വൈറസ് .സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ ഏഴ് മണിക്കൂറോളം എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. ഡിഎംകെ എംപി ജഗത് രക്ഷകിനെയാണ് ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജഗതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ നടന്നത്. എംപിയെ ഉടൻ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഓഫീസ് സ്റ്റാഫിനും വൈറസ് സ്ഥിരീകരിച്ചതായും വിവരമുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.

കൊറോണ വ്യാപനം രൂക്ഷമായ ചെന്നൈയിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാസേനകളിലും രോ​ഗം പകരുന്നത് ആശങ്ക ഇരട്ടിയാക്കുകയാണ്. എന്നാൽ രാജ്യത്ത് കൊറോണ വ്യാപനം തീവ്രമാകുന്നു എന്ന ആശങ്കയാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പങ്കുവെയ്ക്കുന്നത്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് കൊറോണ കണക്കിൽ ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയേക്കും.

മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 6330 പേർക്കാണ് കൊറോണസ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനയാണിത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ ആദ്യമായി കൊറോണ കേസുകൾ 4000 കടന്നു. 4343 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.