ന്യൂഡെല്‍ഹി: കൊറോണ വൈറസ് കേസുകളുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആശങ്കകള്‍ക്കിടയില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്നു പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചത്. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നാളെ തന്നെ കേന്ദ്ര സര്‍ക്കാരിനു നല്‍കുമെന്നു കേന്ദ്ര മാനവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അറിയിച്ചു.
ജൂലൈ 18 മുതല്‍ 23 വരെ ജെഇഇ പരീക്ഷകളും ജൂലൈ 26ന് നീറ്റ് പരീക്ഷകളും നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നീട്ടി വക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇതേ കുറിച്ചു പഠിക്കാനായി സര്‍ക്കാര്‍ സമിതിക്കു രൂപം നല്‍കിയത്. പതിനഞ്ചു ലക്ഷത്തലേറേ പേര്‍ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം വിദേശ രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നു സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
പരീക്ഷാ കേന്ദ്രങ്ങള്‍ വിദേശ രാജ്യങ്ങളില്‍ അനുവദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരീക്ഷ മാറ്റി വക്കണമെന്നായിരുന്നു ഹര്‍ജി. വന്ദേ ഭാരത് മിഷന്റെ കീഴില്‍ വിമാന സര്‍വീസുകള്‍ ഉണ്ടെങ്കിലും പല വിദ്യാര്‍ഥികള്‍ക്കും ടിക്കറ്റു ലഭിക്കുന്നില്ല. ഇനി ടിക്കറ്റു ലഭിച്ചാലും വിമാനങ്ങളില്‍ എത്തുന്ന വിദ്യര്‍ഥികള്‍ ക്വാറന്റൈനില്‍ പോകേണ്ടി വരും. 14 ദിവസം വരെയാണ് ക്വാറന്റൈന്‍ കാലവധി. ചില സംസ്ഥാനങ്ങളില്‍ ഇതു 21 ദിവസം വരെ നീളുന്നുണ്ട്. അതിനാല്‍ തന്നെ ഇതു വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാന്‍ തടസമാകുമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.
സിബിഎസ്ഇ ജൂലൈ ഒന്നു മുതല്‍ നടത്താിരുന്ന പരീക്ഷകള്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു.