അങ്കമാലി: സിപിഎം നേതൃത്വത്തിലുള്ള നഗരസഭാ ഭരണം പാര്‍ട്ടി അംഗങ്ങള്‍ തമ്മിലുള്ള പോരും അഴിമതി ആരോപണവും മൂലം സ്തംഭനാവസ്ഥയിലായെന്ന് പ്രതിപക്ഷം. നഗരസഭാ സ്‌റ്റേഡിയത്തിനുള്ള രണ്ട് ഏക്കര്‍ ഭൂമി ഏറ്റെടുത്തതാണ് അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ സെന്റിന് 70,000 രൂപയ്ക്ക് ഏറ്റെടുക്കാന്‍ നിശ്ചയിച്ച ഭൂമി 3.4 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ വാങ്ങുന്നതെന്ന് പ്രതിപക്ഷം പറയുന്നു. ഇതേ സ്ഥലം നികത്തുഭൂമിയാണെന്നും നിര്‍മാണം നടത്താന്‍ പറ്റാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി മുമ്പ് സിപിഎം എതിര്‍ത്തിരുന്നു. അവര്‍ തന്നെ ഇപ്പോള്‍ വന്‍ വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നത് വിരോധാഭാസമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
രണ്ടു കോടിരുപയുടെ അഴിമതിയാണ് സ്ഥലമേറ്റെടുപ്പിനു പിന്നിലെന്നു കാട്ടി സിപിഎം കൗണ്‍സിലര്‍മാരായ സജി വര്‍ഗീസ്, അഭിലാഷ് ജോസഫ്, എം.ജെ. ബേബി എന്നിവര്‍ പാര്‍ട്ടി ഘടകത്തിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. തുടര്‍ന്ന് എല്ലാ ഘടകകക്ഷികളും ചേര്‍ന്നുള്ള ഒരു കമ്മിറ്റിയെ സ്ഥലമേറ്റെടുപ്പിനായി നിയോഗിച്ചിരിക്കുകയാണ്.
ഇതിനു പുറമേ സിപിഎമ്മിലെ ഒരു കൗണ്‍സിലര്‍ നഗരസഭാ മാര്‍ക്കറ്റിനു സമീപം നഗരസഭാ മതില്‍പൊളിച്ച് സ്വന്തം ഭൂമിയിലേക്ക് വഴിവെട്ടി കെട്ടിടം നിര്‍മിച്ചതും വിവാദമായി. മുനിസിപ്പല്‍ ഫണ്ട് ദുര്‍വിനിയോഗിച്ചുവെന്നാണ് ആരോപണം. വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നിടത്തു പുറമ്പോക്ക് കൈയേറി സ്വകാര്യ വ്യക്തിക്ക് കടമുറി പണിയാന്‍ അനുമതി നല്‍കിയത് വിവാദമായതോടെ പാര്‍ട്ടി ഏരിയാ കമ്മിറ്റി ഇടപെട്ട് കൈയേറ്റം ഒഴിപ്പിക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
വികസനോത്സവത്തിന്റെ പേരില്‍ കച്ചവടക്കാരില്‍ നിന്ന് വന്‍ തുക പിരിച്ചതായും ആരോപണമുണ്ട്. പ്രളയഫണ്ട് വിതരണത്തിലും ക്രമക്കേട് നടന്നു. പ്രളയഫണ്ടിലെ 87 ലക്ഷം രൂപ വിനിയോഗിച്ചത് ചെയര്‍പഴ്‌സന്റെ വാര്‍ഡിലാണെന്നതാണ് മുഖ്യാരോപണം.
കൂടാതെ നഗരസഭാ പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ ചട്ടവിരുദ്ധമായി രസീത് അടിച്ച് പിരിവ് എടുത്തത്, പോലീസ് സ്‌റ്റേഷനു പിന്നില്‍ അഞ്ചുസെന്റോളം സ്വകാര്യവ്യക്തിക്ക് ഫ്‌ളാറ്റിലേക്ക് വഴിക്കായി വിട്ടുനല്‍കിയത്, റിലയന്‍സ് കമ്പനിയുടെ കേബിള്‍ ഇട്ടത്, കോതകുളങ്ങര അടിപ്പാത നിര്‍മാണം എന്നിവയിലും അഴിമതി പ്രകടമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഒരു സിപിഎം കൗണ്‍സിലര്‍ വൈസ് ചെയര്‍മാനായി സ്ഥാനമേറ്റതുമുതലാണ് അഴിമതി കൂടിയതെന്നും പ്രതിപക്ഷം ഉന്നയിക്കുന്നു. സി.പി.എം. കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള പടലപ്പിണക്കംമൂലം ഭരണസ്തംഭനവും നഗരസഭയില്‍ പതിവായിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.