പെരുമ്പാവൂരിലേക്ക് 3,800 കിലോ കഞ്ചാവ് കടത്തിയ രണ്ടു പേർ ഒഡീഷയിൽ പോലീസ് കസ്റ്റഡിയിലായി

കൊച്ചി: ഒഡീഷയിൽ നിന്നും പെരുമ്പാവൂരിലേക്ക് 3,800 കിലോ കഞ്ചാവ് കടത്തിയ രണ്ടു പേർ ഒഡീഷ പോലീസിൻ്റെ കസ്റ്റഡിയിലായി. പെരുമ്പാവൂർ സ്വദേശികളാണ് പിടിയിലായതെന്ന് ഒഡീഷ പോലീസ് അറിയിച്ചു. വല്ലം സ്വദേശിയായ കേരളത്തിലെ തന്നെ വലിയ കഞ്ചാവ് മൊത്ത കച്ചവടക്കാരന് വേണ്ടിയാണ് ഇവർ കഞ്ചാവ് കടത്തിയതെന്നാണ് ഇവരുടെ മൊഴി.

പിടിയിലായ പെരുമ്പാവൂർ സ്വദേശികൾ ലോറി ഡ്രൈവറും ക്ലീനറുമാണ്. 180 ചാക്കുകളിലായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഗുരുവായൂർ രജിസ്ട്രേഷനിലുള്ള വലിയ ട്രക്ക് ലോറിയിൽ സവാള ചാക്കുകൾക്കിടയിലാണ് കഞ്ചാവ് കടത്തിയത്. പത്ത് ദിവസം മുമ്പ് മുന്നൂറ് കിലോ കഞ്ചാവ് ഇവർ ഒഡീഷയിൽ നിന്നും കടത്തികൊണ്ടു വന്നിരുന്നു.

ഒഡീഷയിൽ കഞ്ചാവിന് വില കുറവാണ്. ഒഡീഷയിൽ ലഭിക്കുന്ന കഞ്ചാവിന് കേരളത്തിലെത്തുമ്പോൾ അമ്പത് ഇരട്ടി വില ലഭിക്കും. ഒഡീഷയിൽ നിന്നും ഒരു കോടി രൂപക്കാണ് ഇവർ കഞ്ചാവ് വാങ്ങിയത്. ഇവരുടെ രണ്ട് മൊബൈൽ ഫോണുകളും ഒഡീഷ പോലീസ് പിടിച്ചെടുത്തു.

രാത്രി പട്രോളിംഗിനിറങ്ങിയ ഒഡീഷ പോലീസ് ആണ് ലോറി പിടികൂടിയത്. ജയ്പൂർ പത്വ റോഡിൽ തുസുബയിൽ അമിത വേഗതയിലെത്തിയ ട്രക്ക് പോലീസ് തടയുകയായിരുന്നു. തുടർന്ന് ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വാഹനം പോലീസ് പരിശോധിക്കുകയായിരുന്നു.