മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം പുറത്തുവന്നു. താരത്തിന്റെ വിസറ റിപ്പോർട്ട് നെഗറ്റീവെന്നാണ് റിപ്പോർട്ട്. കുടലുകൾ, വയർ തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പരിശോധമയാണ് വിസറ. പരിശോധനയിൽ അസ്വഭാവികമായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ താരത്തിന്റേത് ആത്മഹത്യയാണെന്ന് സ്ഥിരീകരണം വന്നിരുന്നുവെങ്കിലും കൂടുതൽ പരിശോധനയ്ക്കായി വിസറ റിപ്പോർട്ട് ജെജെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ഈ ഫലമാണ് നിലവിൽ നെഗറ്റീവായി വന്നിരിക്കുന്നത്.
അസ്ഫിക്‌സിയയാണ് സുശാന്തിന്റെ മരണകാരണം. ശ്വാസം ലഭിക്കാത്ത അവസ്ഥയാണ് അസ്ഫിക്‌സിയ. കഴുത്തിൽ കുരുക്ക് മുറുകിയതിനെ തുടർന്ന് ശ്വാസം ലഭിക്കാതെയാണ് താരം മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജൂൺ 14നാണ് സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്യുന്നത്. 34 വയസായിരുന്നു. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
സുശാന്തിന്റെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമീഷ്ണർ അഭിഷേത് ത്രിമുഖെ അറിയിച്ചിരുന്നു. ഇതുവരെ 27 പേരെയാണ് ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരിക്കുന്നത്. അതേസമയം സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് കുടുംബം ആരോപിച്ചിരുന്നത്.
സുശാന്തിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആറു മാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും സുശാന്തിന്റെ വസതിയില്‍ നിന്നും വിഷാദ രോഗത്തിന്റെ മരുന്നുകള്‍ പൊലീസ് കണ്ടെത്തിയെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.