മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യംചെയ്യും ; അന്വേഷണം നിർണായക ഘട്ടത്തിലെന്ന് പൊലീസ്

ആലപ്പുഴ: എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കേസ് അന്വേഷണം നിർണായക ഘട്ടത്തിലെന്ന് പൊലീസ്. നാളെ വെള്ളാപ്പള്ളി നടേശനെയും ചോദ്യം ചെയ്യും. സഹായി കെ എല്‍ അശോകനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വെള്ളാളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് കെ എൽ അശോകനെ മാരാരിക്കുളം പൊലീസ് മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തത്. മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്.

അതേസമയം, മഹേശന്റെ കത്തുകളിലെ ആരോപണങ്ങൾക്കെതിരെ വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വീണ്ടും രംഗത്തെത്തി. വെള്ളാപ്പള്ളി നടേശൻ നിരപരാധി എന്ന് പറഞ്ഞ മഹേശനെ തുഷാർ അഴിമതിക്കാരന്‍ ആക്കുന്നത് വിചിത്രം ആണെന്ന് കുടുംബം ആരോപിച്ചു. വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ സഹോദര ധർമ്മവേദി അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മഹേശൻ കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണത്തിൽ കുടുംബം മറുപടി നൽകി. കേസിൽ കുടുങ്ങുമെന്നായതോടെ രക്ഷപ്പെടാനുള്ള തുഷാറിന്റെ ശ്രമമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ബന്ധുക്കൾ പ്രതികരിച്ചു.