പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം. എസ്പിജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര നഗരവികസന മന്ത്രാലയം പ്രിയങ്കാ ഗാന്ധിയോട് വസതി ഒഴിയാന്‍ ആവശ്യപ്പെട്ടത്. ബുധനാഴ്ചയാണ് നോട്ടീസ് നല്‍കിയത്. ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. കേന്ദ്ര നഗരകാര്യ- ഭവന മന്ത്രാലയമാണ് പ്രിയങ്കയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ പ്രിയങ്കയുടെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയിരുന്നു.

ഒരുമാസത്തിനുള്ളില്‍ ഒഴിഞ്ഞ് നല്‍കണമെന്നും കത്തില്‍ പറയുന്നു. സോണിയാ ഗാന്ധി, രാഹുല്‍, ഗാന്ധി എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ലോധി എസ്‌റ്റേറ്റിലെ 35ാം നമ്പര്‍ വസതിയാണ് പ്രിയങ്കാ ഗാന്ധിക്ക് അനുവദിച്ചിരുന്നത്. ലോധി റോഡിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബംഗ്ലാവ് ഇപ്പോഴുള്ളത്.

ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം വിഷയത്തില്‍ നിയമപരമായ ആലോചനകള്‍ക്ക് ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക ഉന്നയിച്ചിരുന്നത്.