വൈബോ ആപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റുകൾ ഡിലീറ്റാക്കി

ന്യൂഡെൽഹി: ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്നാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത്. ഇതിന് പിന്നാലെ വൈബോ ആപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റുകൾ ഡിലീറ്റാക്കി. തിങ്കളാഴ്ചയാണ് വൈബോയിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യാൻ പ്രധാനമന്ത്രി തീരുമാനിക്കുന്നത്.

വൈബോയിൽ നിന്ന് വിഐപി അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിന് ചില കടമ്പകൾ കടക്കേണ്ടതുണ്ടെന്ന് അധികൃതർ പറയുന്നു. അതുകൊണ്ട് മോദിയുടെ വൈബോ അക്കൗണ്ടിൽ നിന്ന് 115 ഓളം പോസ്റ്റുകൾ നീക്കം ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. ട്വിറ്ററിന് സമാനമായ ഈ ആപ്പിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോയും, പോസ്റ്റുകളും കമന്റുകളും നീക്കം ചെയ്തിട്ടുണ്ട്. ചൈനീസ് സന്ദർശനത്തിന് മുമ്പായി 2015ലാണ് പ്രധാനമന്ത്രി വൈബോയിൽ അക്കൗണ്ട് തുടങ്ങിയത്. 2,44,000 ഫോളോവേഴ്‌സുള്ള വേരിഫൈഡ് അക്കൗണ്ടാണ് മോദിക്കുള്ളത്.

വൈബോയിൽ ഉപഭോക്താക്കൾക്ക് സ്വന്തമായി അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല. ആപ്പ് അധികൃതർക്കാണ് അക്കൗണ്ട് ഡിലീറ്റാക്കാനുള്ള അവകാശം. നൂറിലേറെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തുവെങ്കിലും മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും ഒരുമിച്ചുള്ള ചിത്രം ഡിലീറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.