ആലപ്പുഴ: പൊതുസ്ഥലങ്ങളിൽ മുറുക്കി തുപ്പുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ജുഡീഷ്യൽ കമ്മീഷൻ അംഗം പി. മോഹനദാസ് സംസ്ഥാന പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. തനിക്ക് കീഴിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് കർശന നിദ്ദേശം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് 30 ദിവസത്തിനകം സമർപ്പിക്കണം.
സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പാൻ കടകൾ തുറന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ജി. സാമുവേൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇത്തരം കടകളിൽ നിന്ന് മുറുക്കാൻ വാങ്ങുന്നവർ യാതൊരു നിയന്ത്രണവുമില്ലാതെയാണ് റോഡിൽ മുറുക്കി തുപ്പുന്നത്. രോഗവ്യാപനം പിടിച്ചുകെട്ടാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്തിട്ടും പൊതുജനങ്ങൾ തീരെ ജാഗരൂകരല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പാൻ കടകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർ വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.