കൊറോണ ബാധ; ഡെൽഹിയിൽ ഗാലന്ററി അവാർഡ് നേടിയ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ന്യൂഡെൽഹി: ഡെൽഹി പോലീസ് ഉദ്യോഗസ്ഥനും ഗാലന്ററി അവാർഡ് ജേതാവുമായ സഞ്ജീവ് കുമാർ യാദവ് കൊറോണ ബാധിച്ച് മരിച്ചു. 15 ദിവസം മുൻപ് രോഗം സ്ഥിരീകരിച്ചത് തുടർന്ന് മക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസത്തെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തിൽ ആയിരുന്നു സഞ്ജീവ്. ഇദ്ദേഹത്തിന് രണ്ടു തവണ പ്ലാസ്മ തെറാപ്പി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്പെഷ്യൽ സെല്ലിന്റെ തെക്ക് പടിഞ്ഞാറൻ ശ്രേണിയിൽ സേവനമനുഷ്ടിച്ചിരുന്ന സഞ്ജീവ് കുമാർ ഇൗ വർഷം ധീരതയ്ക്കുള്ള പോലീസ് മെഡൽ നേടിയിരുന്നു. ഇതിന് മുൻപ് തുഗ്ലക് പോലിസ് സ്റ്റേഷനിലും ക്രൈം ബ്രാഞ്ചിലും പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും രോഗ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലാണ്.

ഡെൽഹിയിൽ ഇതു വരെ ഒൻപത് പോലിസ് ഉദ്യോഗസ്ഥർ രോഗ ബാധ മൂലം മരിച്ചിട്ടുണ്ട്. 850 പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 2199 പേർക്ക് ഡെൽഹിയിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 87360 ആയി ഉയർന്നു.